

1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാന്നദൻ തന്റെ ത്യാഗ പൂർണമായ ജീവിതത്തിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ മുന്നിൽ നിന്നു നയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽഡിഎഫ് കൺവിനർ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളിൽ വിഎസ് തിളങ്ങി നിന്നു.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ടീയത്തിൽ പ്രവേശിച്ച വിഎസ് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940 ൽ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയിൽ അംഗമാകുന്നത്. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. 1964 ൽ സിപിഐ ദേശീയ കൌൺസിൽ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. 1967 ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1980 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു. 1985ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2006ൽ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു.