പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം - കണ്ണൂർ
വടക്കേ മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കണ്ണൂരിൽ വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം. പൂജാവിധികളിൽ സ്വാതിക സമ്പ്രദായം പിന്തുടരാത്ത ക്ഷേത്രമാണിത്. മത്സ്യവും കള്ളും പൂജാദ്രവ്യങ്ങളായി സമർപ്പിക്കുന്നു. വേടൻ്റെ രൂപത്തിലുള്ള ശിവനാണ് മുത്തപ്പൻ.
മുത്തപ്പനുമായി ബന്ധപ്പെട്ട് വിശ്വസിക്കപ്പെടുന്ന ഐതിഹ്യം ഇങ്ങനെയാണ്. അയ്യങ്കാര വാഴുന്നോർ എന്ന നാട്ടുരാജാവിനും ഭാര്യ പാടിക്കുട്ടിയമ്മക്കും മക്കളില്ലായിരുന്നു. വലിയ ശിവഭക്തയായ ഈ അമ്മ മക്കളുണ്ടാവാൻ ശിവഭഗവാനോട് ദിവസവും പ്രാർത്ഥിച്ച് പോന്നിരുന്നു. ഒരു ദിവസം കുളിച്ചു വരമ്പോൾ പുഴയിൽ ഒരു പൂക്കൾ നിറച്ച കുട്ടയും അതിൽ ഒരു കുഞ്ഞിനേയും കിട്ടി. ശിവ ഭഗവാൻ്റെ സമ്മാനമായി കണക്കാക്കി കുഞ്ഞിനെ ഇവർ എടുത്തു വളർത്തി. വളർന്നുവരവേ കുട്ടി വേട്ടക്ക് പോകാനും മാംസം ഭക്ഷിക്കാനും തുടങ്ങി. നാടുവാഴികൾക്ക് മാംസാഹാരം നിഷിധമായതിനാൽ അമ്മ മകനെ ശാസിച്ചു. ദേഷ്യം പൂണ്ട മകൻ തൻ്റെ ശരിയായ രൂപം അമ്മക്ക് കാണിച്ചുകൊടുത്തു. ഭക്തിപരവശയായ അമ്മ മകനെ തൊഴുതു. ജ്വലിക്കുന്ന കണ്ണുകൾ കണ്ട് ഭയന്ന അമ്മ സാധാരണ രൂപത്തിലേക്ക് മടങ്ങാനും കണ്ണുകളുടെ തീഷ്ണത മറയ്ക്കാനും പറഞ്ഞു. തുടർന്ന് പൊയ്ക്കണ്ണു കൊണ്ട് കണ്ണുകൾ മറച്ച് മകൻ വീട്ടിൽ നിന്നിറങ്ങി. പലനാടുകൾ സഞ്ചരിച്ചു. ഈ സഞ്ചാരത്തിനിടക്ക് കണ്ട ആദിവാസി കുടുംബം ഈ ബാലനെ മുത്തപ്പൻ എന്നു വിളിച്ചു തുടങ്ങി. കുന്നത്തൂർപ്പാടി ഗ്രാമത്തിൽ ചന്തൻ എന്ന ആദിവാസി യുവാവ് മുത്തപ്പൻ്റെ ഉറ്റ തോഴനായി. ഒരു ദിവസം ചന്തൻ പനങ്കള്ള് ചെത്തുന്നത് മുത്തപ്പൻ കണ്ടു. തനിക്ക് വേണമെന്ന് മുത്തപ്പൻ ആവശ്യപ്പെട്ടെങ്കിലും ചന്തൻ നിഷേധിച്ചു. കോപാകുലനായ മുത്തപ്പൻ ചന്തനെ ശപിച്ച് കല്ലാക്കി മാറ്റി. ചന്തൻ്റെ ഭാര്യ മുത്തപ്പനോട് കരഞ്ഞ് പ്രാർത്ഥിക്കുകയും പൂജകളും ഊട്ടും തിരുവപ്പനയും അമൃതകലശവും ചെയ്യാമെന്ന് വാക്കുനൽകുകയും ചെയ്തു. തുടർന്ന് മുത്തപ്പൻ ചന്തനെ ഭാര്യക്ക് തിരികെ നൽകി. പിന്നീടങ്ങോട്ട് ചന്തനും കുടുംബവും മുത്തപ്പനെ പ്രാർത്ഥിക്കുകയും പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തു. മുത്തപ്പൻ്റെ യാത്രയിലെല്ലാം ഒരു നായ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ മുത്തപ്പൻ്റെ വാഹനമായ നായകളും ദിവ്യമായി കണക്കാക്കപ്പെടുന്നു. മുത്തപ്പൻ്റെ തെയ്യവും തിറയാട്ടും നടക്കുമ്പോൾ ക്ഷേത്രത്തിൽ ഇവയുടെ സാന്നിധ്യം നിർബന്ധമാണ്. ക്ഷേത്രത്തിൻ്റെ കവാടത്തിൽ ഇവയുടെ രൂപം കൊത്തി വച്ചിട്ടുമുണ്ട്. ദിവസവുമുള്ള തിരുവപ്പന, വെള്ളാട്ട് തെയ്യങ്ങളാണ് ഇവിടെ പ്രധാനം. വൃശ്ചികം 16 ന് പുത്തരി തിരുവപ്പന ഉത്സവം ഉണ്ട്.