തൃശൂർ പൂരം
കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരം ലോകമാകെ കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്നു. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർ പൂരം. ആറാട്ടുപുഴ പൂരത്തിന് പകരമായാണ് തൃശൂർ പൂരം തുടങ്ങുന്നത്. കേരളത്തിലെ ഏറ്റവും വലിയ പൂരം ആറാട്ടുപുഴ പൂരമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിന് എത്തുമെന്നാണ് വിശ്വാസം. 1796 ലെ പൂരത്തിന് കനത്ത് പേമാരി കാരണം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ്, നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആറാട്ടുപുഴയിൽ ഈ സംഘങ്ങൾക്ക് ഭ്രഷ്ട് വിധിച്ചു. ഇതറിഞ്ഞ് കോപിഷ്ഠനായ ശക്തൻ തമ്പുരാൻ തൃശൂരിൽ പൂരം നടത്താൻ തീരുമാനിക്കുകയായിരുന്നു. പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് തൃശൂർ പൂരത്തിലെ പ്രധാനപങ്കാളികൾ.
പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ബാലികാ രൂപത്തിലുള്ള ബാലഭദ്രകാളിയുമാണ് പൂരത്തിന് വടക്കും നാഥൻ്റെ മണ്ണിൽ എത്തുന്നത്. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ട് ക്ഷേത്രങ്ങളാണ് നടത്തുന്നത്. ഇതുകൂടാതെ എട്ട് ചെറുപൂരങ്ങൾ പൂരത്തിനെത്തും. വടക്കുന്നാഥൻ്റെ വർഷം മുഴുവൻ അടഞ്ഞു കിടക്കുന്ന തെക്കേഗോപുര നട തുറക്കുന്നതോടെയാണ് പൂരത്തിന് തുടക്കമാവുന്നത്. നെയ്തലക്കാവിലമ്മ ആനപ്പുറത്തേറി ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് നായ്ക്കനാലിലും പിന്നീട് ശ്രീമൂലസ്ഥാനത്തും എത്തുന്നു. പിന്നീട് ചുറ്റമ്പലത്തിൽ കടന്ന് വടക്കുന്നാഥനെ വണങ്ങി അനുവാദം വാങ്ങി തെക്കേഗോപുര നട തുറക്കുന്നു. തുടക്കകാലത്ത് വാദ്യക്കാരും അമ്പലക്കമ്മിറ്റിക്കാരും കുറച്ച് ഭക്തരും പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്. 2014 ൽ ആനപ്രേമികളുടെ താരരാജാവായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്നതോടെ ചടങ്ങ് കൂടുതൽ പ്രശസ്തമായി. പതിവിന് വിപരീതമായി പതിനായിരങ്ങൾ ഈ ചടങ്ങ് കാണാനെത്തി. രാമനെവിടെയുണ്ടോ അവിടെയാണ് പൂരമെന്ന ചൊല്ലും അങ്ങനെ വന്നു. 2019 ൽ രാമൻ്റെ എഴുന്നള്ളിപ്പ് കോടതി വരെ എത്തിയ ചരിത്രവുമുണ്ട്. ഗൃഹപ്രവേശത്തിന് പടക്കം പൊട്ടിച്ചപ്പോൾ വിരണ്ടോടിയ രാമൻ്റെ കാലിന് അടിയിൽപ്പെട്ട് രണ്ട് പേരും ഭയന്ന് ഹൃദയാഘാതം വന്ന് ഒരാളും മരിച്ചിരുന്നു. പിന്നാലെ രാമനെ എഴുന്നള്ളിക്കുന്നതിന് ജില്ലാഭരണകൂടം വിലക്കേർപ്പെടുത്തി. ആരാധകർ ശക്തമായി പ്രതിഷേധിക്കുകയും ആനകളെ പൂരത്തിന് വിടില്ലെന്ന് മറ്റ് ആനയുടമകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ വിഷയം കേരള ഹൈക്കോടതിയുടെ മുന്നിലെത്തി. കടുത്ത ഉപാധികളോടെ കോടതി രാമനെ എഴുന്നള്ളിക്കാൻ അനുവദിച്ചു. ഒന്നരലക്ഷം പേർ അന്ന് തെക്കേഗോപുര നടതുറക്കുന്ന ചടങ്ങ് കാണാനെത്തി.
തെക്കേഗോപുര നടതുറന്ന് കഴിഞ്ഞാൽ പൂരദിവസം രാവിലെ കണിമംഗലം ശാസ്താവ് ആദ്യം എഴുന്നള്ളും. പിന്നീട് ചെറുപൂരങ്ങൾ എത്തും. 36 മണിക്കൂർ നീളുന്ന പൂരത്തിൽ ഇലഞ്ഞിത്തറ മേളം, പഞ്ചവാദ്യം, തെക്കോട്ടിറക്കം, കുടമാറ്റം എന്നിവ വൻജനപങ്കാളിത്തത്തോടെ അരങ്ങേറുന്നു. പാറമേക്കാവ് - തിരുവമ്പാടി ദേവിമാരുടെ കൂടിക്കാഴ്ച കൂടിയാണ് കുടമാറ്റം. തിടമ്പേറ്റിയതടക്കം ഇരുഭാഗത്തും പതിനഞ്ച് ആനകൾ അഭിമുഖമായി നിന്നാണ് കുടമാറ്റച്ചടങ്ങ്. മികച്ച വർണ്ണക്കുടകൾ പ്രദർശിപ്പിക്കാൻ ഇരുഭാഗവും മത്സരിക്കും. പുലർച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട്. സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ വെടിക്കെട്ട് നടത്തുന്നത്. പൂരപ്പിറ്റേന്ന് രാവിലെ പാറമേക്കാവ് , തിരുവമ്പാടി ദേവിമാർ വീണ്ടും എഴുന്നള്ളത്തായി വന്ന് വടക്കുന്നാഥൻ്റെ മുന്നിൽ പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെ ചെറിയകുടമാറ്റം നടത്തുന്നു. മേളത്തിനും വെടിക്കെട്ടിനും ശേഷം അടുത്തപൂരത്തിന് കാണാമെന്ന് വാക്ക് നൽകി ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങോടെ പൂരത്തിന് സമാപനമാവും.